Sunday, November 8, 2009

ദൃശ്യങ്ങളുടെ നോവുകള്‍

അഭിമുഖം
ഷാജി പട്ടണം/സുനില്‍ ഫൈസല്‍

2008ല്‍ ഗോവയില്‍ നടന്ന അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവലിലെ പനോരമ വിഭാഗത്തിലെ ആദ്യ ചിത്രമായിരുന്ന “വേരുകളുടെ” ക്യാമറാമാനായ ഷാജി പട്ടണം സംസാരിച്ചത്..
കൈരളി ടി.വി.യുടെ കോഴിക്കോട് ബ്യൂറോയിലെ ക്യാമറാമാന്‍ തിരുവനന്തപുരത്തേക്ക് സ്ഥലം മാറിപോയപ്പോള്‍ പകരക്കാരനായി കുറച്ചു ദിവസത്തേക്ക് താല്‍ക്കാലികമായാണ് കൊച്ചിയില്‍ നിന്നും കോഴിക്കോടെത്തുന്നത്. മുത്തങ്ങ വനഭൂമിയിലെ ആദിവാസി ഗോത്രമഹാസഭയുടെ സമരം ചിത്രീകരിക്കാന്‍ വയനാട്ടിലേക്ക് പുറപ്പെടുമ്പോള്‍ അസ്വാഭാവികമായി എന്തെങ്കിലും സംഭവിക്കുമെന്ന് കരുതിയിരുന്നില്ല. നാദാപുരം കലാപബാധിത പ്രദേശങ്ങളിലും, ഉരുള്‍പൊട്ടലില്‍ ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജ്ജ് യാത്രപറഞ്ഞ ഇടുക്കിയിലെ വെള്ളിയാണി മലയിലും, കന്നട സിനിമാതാരം രാജ്കുമാറിനെ വീരപ്പന്‍ തട്ടിക്കൊണ്ടുപോയപ്പോള്‍ കര്‍ണ്ണാടക, തമിഴ്നാട് ഉള്‍വനങ്ങളിലൂടെ കണ്ണും കാതുമായി നടന്നപ്പോഴും, നാട്ടിലിറങ്ങിയ പുലി പാലക്കാടിനെ വിറപ്പിച്ചതിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോഴെല്ലാം സ്വന്തം ജീവന് അഭിമുഖീകരിക്കേണ്ടി വരുന്ന വെല്ലുവിളികളെക്കുറിച്ച് നിശ്ചയമുണ്ടായിരുന്നു. മരണം മുഖാമുഖം കാണുമ്പോഴും ലോകത്തിന്റെ മുമ്പില്‍ ദൃശ്യങ്ങളെത്തിക്കാനുള്ള വെല്ലുവിളികളോരോന്നും അതിസഹസികമായാണ് ഏറ്റെടുത്തത്.മുത്തങ്ങയില്‍ വെടിവെപ്പു നടക്കുന്നതിനു മുമ്പ് ഞാന്‍ സമരകേന്ദ്രത്തില്‍ പ്രധാന ക്യാമ്പിനടുത്തായിരുന്നു. അപ്പോഴാണ് ഗോത്രമഹാസഭാ പ്രവര്‍ത്തകനായ അശോകന്‍ വന്നു പറയുന്നത്.
“ധൈര്യമുള്ളവര്‍ക്ക് ക്യാമ്പിനുള്ളിലേക്ക് വരാം.”
ഈ സമയം പോലീസും ഫോറസ്റ്റുദ്യോഗസ്ഥരും ക്യാമ്പിനു പുറത്തുണ്ടായിരുന്നു.

ഫോട്ടോഗ്രാഫര്‍ ബിജോയിയൊത്ത് പോലീസുകാരെ ബന്ദികളാക്കിയ സ്ഥലത്തേക്കു ചെന്നു. ക്യാമ്പിനു മുമ്പിലെത്തിയപ്പോള്‍ മുഖത്ത് ചോരയൊലിച്ചിറങ്ങിക്കൊണ്ടിരുന്ന ചെറുപ്പക്കാരനായ ആദിവാസി യുവാവ് കൈപിടിച്ച് പുറകിലേക്കു തിരിച്ചുകൊണ്ടു ചോദിച്ചു.

“ഏതു ടീവീന്നാ...”
ഞങ്ങളെയും ബന്ദിയാക്കാവുന്ന ഒരവസ്ഥയിലായിരുന്നു അപ്പോള്‍.
“സമരത്തിന്റെ വാര്‍ത്ത കൊടുക്കാന്‍ വന്നതാണ്. ഉപദ്രവിക്കരുത്.”
“ഉപദ്രവിക്കണ്ട വിട്”. പരുക്കന്‍ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി. അതു ഗീതാനന്ദനായിരുന്നു.
“ചേട്ടാ ഞാന്‍ ഷാജി. കൈരളി ടീവീന്നാണ്”.
“പിന്നീട് സംസാരിക്കാം. അതെടുത്തു കൊള്ളൂ”.
വെട്ടേറ്റു കിടക്കുന്നവര്‍ക്ക് വെള്ളം കൊടുക്കുമ്പോള്‍ അശോകന്‍ പറഞ്ഞു.
“വെള്ളം കൊടുക്കുന്നതെടുത്തോളൂ”
മരണപ്പെട്ട പോലീസുകാരന്‍ വിനോദ് “എന്റെ ഫോട്ടോയെടുക്കരുത്” എന്നു പറയുന്നുണ്ടായിരുന്നു.

ക്യാമ്പിനു പുറത്ത് ദൂരെ മാറി നിന്നിരുന്ന മാധ്യമ പ്രവര്‍ത്തകരെ പോലീസ് അടിച്ചോടിക്കുന്ന സമയം ഞങ്ങളെ കൊന്നു കളയുമെന്നു ഭീഷണിപ്പെടുത്തി. പത്രക്കാരെയും ഫോട്ടോഗ്രാഫര്‍മാരെയും പേപ്പട്ടികളെപോലെയാണ് പോലീസ് നേരിട്ടത്. പോലീസ് തോക്കും ലാത്തിയുമായി ആദിവാസികള്‍ക്കു നേരെ ഇരച്ചു കയറി.റബ്ബര്‍ ബുള്ളറ്റേറ്റ് ആദിവാസികള്‍ വീണു. പോലീസ് ഓടിച്ചപ്പോള്‍ പുറകില്‍ നിന്നും സ്ത്രീകളുടെയും കുട്ടികളുടെയും വാവിട്ട നിലവിളി കേള്‍ക്കുന്നുണ്ടായിരുന്നു. ഓടി രക്ഷപ്പെടാന്‍ തോന്നിയില്ല. പോലീസിന്റെ കണ്ണുവെട്ടിച്ച് കാട്ടുവള്ളി പടര്‍ന്ന ഒരു മരത്തില്‍ പൊത്തിപ്പിടിച്ചു കയറി. അപ്പോഴേക്കും വെടിവെപ്പു തുടങ്ങിയിരുന്നു. ചുറ്റും ഭീകരാവസ്ഥയായിരുന്നു. സ്ത്രീകളേയും കുട്ടികളെയും അതിക്രൂരമായി മര്‍ദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു.കുറ്റിക്കാട്ടിലൊളിച്ചു നിന്ന ഗര്‍ഭിണിയായ ഒരു സ്ത്രീയെ മുടിക്കുത്തിന് പിടിച്ചു വലിച്ച് ബൂട്ടുകൊണ്ട് ചവിട്ടുമ്പോള്‍ അതി ദയനീയമായി നിലവിളിക്കുന്നുണ്ടായിരുന്നു. പ്രായമായ ഒരു ആദിവാസി സ്ത്രീയുടെ തലക്ക് തോക്കിന്റെ പാത്തികൊണ്ടിടിച്ചു. രണ്ടാമതും അടിച്ചപ്പോള്‍ അവര്‍ തലവെട്ടിച്ചു. അപ്പോള്‍ ഒക്കത്തിരുന്ന കുട്ടിയുടെ തലയിലാണ് അടിയേറ്റത്. കുട്ടിയുടെ തലപൊട്ടി ചോരയൊഴുകി.പോലീസ് ഭീകരമായി മര്‍ദ്ദിക്കുമ്പോള്‍ ഒന്നോ രണ്ടൊ ആദിവാസി യുവാക്കള്‍ മാത്രമാണ് തിരിച്ചു പ്രതികരിച്ചത്. ബാക്കിയെല്ലാവരും കാട്ടിലേക്ക് തിരിഞ്ഞോടുകയായിരുന്നു. നിലത്ത് ജീവച്ഛവമായി ബോധമറ്റു കിടന്നിരുന്ന നാലുപേരെ തോക്കിന്റെ പാത്തികൊണ്ടും മരക്കഷണം ഉപയോഗിച്ചും പോലീസ് പെരുമാറുന്നുണ്ടായിരുന്നു. അപ്പോള്‍ അവരില്‍ നിന്നും ഒരു നിലവിളിപോലുമുണ്ടായില്ല.

തിരിഞ്ഞോടുന്ന സ്ത്രീയുടെ മുടിക്കുത്തിനു പിടിച്ച് പോലീസുകാരന്‍ വലിച്ചിഴക്കുമ്പോഴാണ് മരത്തിനു മുകളിലെ ക്യാമറക്കാരനെ കണ്ടത്. ആദിവാസി സ്ത്രീയെ വിട്ട് പോലീസ് മരച്ചുവട്ടിലേക്ക് പാഞ്ഞു വന്നു. ഇറങ്ങിയില്ലെങ്കില്‍ വെടിവെക്കുമെന്നായിരുന്നു ഭീഷണി. ക്യാമറയുമായി മരത്തില്‍ നിന്നും ഊര്‍ന്നിറങ്ങാന്‍ ശ്രമിക്കുന്നതിനിടയില്‍ വീണു, എഴുന്നേറ്റ് ഓടി, പുറകേ പോലീസുകാരുമുണ്ടായിരുന്നു.

വള്ളിപ്പടര്‍പ്പില്‍ കാലുടക്കി കമിഴ്ന്നു വീണപ്പോഴാണ് മനസ്സുപോലെ ക്യാമറ പ്രവര്‍ത്തിച്ചത്. ഇജക്ട് ചെയ്ത് കാസറ്റ് പുറത്തു വന്നു. അപ്പോഴാണ് കാസറ്റ് നഷ്ടപ്പെടുത്തരുതെന്ന ചിന്തയുണര്‍ന്നത്. വീണിടത്തു നിന്നെഴുന്നേല്‍ക്കാതെ ധൃതിയില്‍ കാസറ്റെടുത്ത് ജീന്‍സിനു കീഴെ അടിവസ്ത്രത്തിനുള്ളില്‍ തിരുകി, ചെറിയ കാസറ്റായിരുന്നു അത്.

അപ്പോഴേക്കും ഒരു കൂട്ടം പോലീസുകാര്‍ ചുറ്റും വളഞ്ഞിരുന്നു. ലാത്തികൊണ്ടും തോക്കിന്റെ പാത്തികൊണ്ടും തല്ലി. ബൂട്ടിട്ട് ചവിട്ടി. ഒരു പോലീസുകാരന്റെ കാലില്‍ കെട്ടിപ്പിടിച്ച് ഞാന്‍ നിലവിളിച്ചു. ജീവനുവേണ്ടി അത്രക്ക് ആര്‍ത്തിയോടെ ഞാനൊരിക്കലും യാചിച്ചിട്ടില്ല.

“മതി ഇനി അടിക്കണ്ട” എന്നൊരാള്‍ പറയുന്നത് കേട്ടു. കഴുത്തിനു പിടിച്ച് തൂക്കിയെടുത്ത് കാസറ്റ് ആവശ്യപ്പെട്ടു. രണ്ടു കാസറ്റിടാനുള്ള സംവിധാനമുള്ള ക്യാമറയായതുകൊണ്ട് ബ്ലാങ്ക് കാസറ്റ് എടുത്തു കൊടുക്കുമ്പോള്‍ ഒട്ടും മനസ്താപം തോന്നിയില്ല. ഷൂട്ടു ചെയ്ത കാസറ്റാണെന്നു കരുതി പോലീസുകാര്‍ അട്ടഹസിക്കുമ്പോള്‍ ഞാന്‍ ക്യാമറയുമെടുത്ത് വലിഞ്ഞു നടന്നു. ഇടക്കൊന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു പോലീസ് ആഫീസര്‍ ആക്രോശിക്കുന്നത് കേട്ടു. “അവന്‍ രക്ഷപ്പെടരുത്”.

ഉള്ള കരുത്തുമെടുത്ത് ഓടി, പുറകെ പോലീസുകാരുണ്ടായിരുന്നു. ഇല്ലിക്കാടു നിറഞ്ഞ ഒരു സ്ഥലത്തെത്തി തിരിഞ്ഞപ്പോള്‍ പോലീസുകാരെ കണ്ടില്ല. കുറെക്കൂടി മുമ്പോട്ടു നടന്നു.

അപ്പോള്‍ അതുവഴി കൈലിയുടുത്ത രണ്ടുപേര്‍ നടന്നു വരുന്നുണ്ടായിരുന്നു. ചോരയൊലിച്ചു നില്‍ക്കുന്ന എന്നെ കണ്ട് അവര്‍ ഭയന്നു കാണണം. രക്ഷിക്കണമെന്നു പറഞ്ഞിട്ടവര്‍ ഗൌനിച്ചില്ല. അവര്‍ വേഗം അകന്നു പോകാനാണ് ശ്രമിച്ചത്. കരഞ്ഞുകൊണ്ട് റോഡെങ്ങോട്ടേക്കാണെന്ന് കാണിച്ചു തന്നാല്‍ മതിയെന്നു യാചിച്ചു. ദയ തോന്നിയതുകൊണ്ടാവണം ഒരാള്‍ പോകേണ്ട വഴി ചൂണ്ടി തന്നു. നേരമിരുണ്ടു വരുകയായിരുന്നു. ആ വഴി കുറച്ചു നടന്നപ്പോള്‍ കൈരളി റിപ്പോര്‍ട്ടര്‍ സുഭാഷേട്ടനെയും മറ്റു പത്രക്കാരെയും കണ്ടു.

പോലീസ് പിന്തുടരുന്നുണ്ടെന്നു പറഞ്ഞപ്പോള്‍ ക്യാമറ വാങ്ങി സുഭാഷേട്ടന്‍ എന്നോട് രക്ഷപ്പെട്ടോളാന്‍ പറഞ്ഞു. മെയിന്‍ റോഡിലെത്തിയപ്പോള്‍ അതു വഴി വന്ന ഓട്ടോറിക്ഷക്കു കൈ നീട്ടിയിട്ടും നിര്‍ത്തിയില്ല. റോഡില്‍ വെച്ചാണ് പിന്നീട് ഫോട്ടോഗ്രാഫര്‍ ബിജോയിയെ കാണുന്നത്. തലയ്ക്ക് അടിയേറ്റ് രക്തമൊലിപ്പിച്ചു നില്‍ക്കുകയാണ്. ഫിലിമെടുത്ത് പോലീസ് അടിച്ചു പൊളിച്ച ക്യാമറയും അവന്റെ കൈവശമുണ്ടായിരുന്നു.
മുത്തങ്ങ ജംഗ്ഷനില്‍ പോലീസ് സെര്‍ച്ചു ചെയ്യുന്ന വിവരം ബിജോയിയാണ് പറഞ്ഞത്. “നമുക്കു പിരിയാം. ഒരാളെങ്കിലും രക്ഷപ്പെടുമല്ലോ. ഒന്നിച്ചായാല്‍ രണ്ടുപേരേയും പോലീസ് പിടിക്കും.”

നേരമിരുട്ടിയപ്പോഴാണ് കാടിനോടു ചേര്‍ന്ന് റോഡരികെ ഒരു വെള്ള മാരുതി വാന്‍ നില്‍ക്കുന്നത് കണ്ടത്. ഇപ്പോഴോര്‍ക്കുമ്പോള്‍ ആ സമയത്ത് ആ വാഹനം എനിക്കു വേണ്ടി വന്നതു പോലെയാണ് തോന്നുന്നത്. ഡ്രൈവര്‍ സീറ്റിലിരുന്ന ചേട്ടനോട് ദയനീയാവസ്ഥ പറഞ്ഞു. ചോരയൊലിച്ചു നിന്ന എന്നോട് കയറാന്‍ പറഞ്ഞു. വാന്‍ സുല്‍ത്താന്‍ ബത്തേരിയിലേക്ക് പായുമ്പോള്‍ ആരുടെ വാഹനമാണ് എന്തു ധൈര്യത്തിലാണ് കയറിയത് എന്നതിനെക്കുറിച്ചൊന്നും ആലോചിച്ചിരുന്നില്ല. ബത്തേരി ടൌണില്‍ എന്നെ ഇറക്കിയ ശേഷം വാന്‍ തിരികെ പോയി. ഓര്‍ക്കുമ്പോള്‍ ജീവിതം തിരികെ കിട്ടിയ നന്ദിയുണ്ട്.
തീരെ അവശനായിരുന്നു. ഒരു കടത്തിണ്ണയുടെ ഇരുണ്ട മൂലയില്‍ കയറിയിരുന്നു.

ചെറുപ്പം മുതലേ ഫോട്ടോയെടുക്കാനായി ക്യാമറയുമെടുത്ത് അലഞ്ഞു നടക്കുക എന്റെയൊരു ശീലമായിരുന്നു. അമ്മാവനും സിനിമാ മേക്കപ്പ്മാനുമായ റഷീദ് പട്ടണമാണ് എന്നെ പ്രോത്സാഹിപ്പിച്ചത്.
ഫോട്ടോഗ്രാഫിയിലുള്ള പരിചയം കൊണ്ടും ആത്മവിശ്വാസം കൊണ്ടും പറയുകയാണ്. നമ്മള്‍ കാണുന്ന ഒരാള്‍ എങ്ങനെ പ്രതികരിക്കുമെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാക്കാന്‍ എനിക്ക് കഴിയാറുണ്ട്. ആ ഒരു വിശ്വാസത്തിലാണ് ബത്തേരിയിലെ ഒരു ഓട്ടോ ഡ്രൈവറെ സമീപിച്ച് സഹായിക്കണമെന്ന് പറഞ്ഞത്. അയാളെനിക്ക് സോഡ വാങ്ങി തന്നു. ഇരുപതു രൂപയും തന്നു. എന്റെ കൈയ്യിലെ പേഴ്സ് നഷ്ടപ്പെട്ടിരുന്നു. കോഴിക്കോട് ഓഫീസിലേക്ക് ഫോണ്‍ ചെയ്തു വിവരമറിയിച്ചു. ഒരു കവറില്‍ കാസറ്റിട്ട് കോഴിക്കോട് പോകുന്ന കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ സമീപിച്ചു. ഡ്രൈവറെ കണ്ടപ്പോള്‍ തന്നെ പണത്തിന് ആര്‍ത്തിയുള്ള സ്വഭവക്കാരനാണെന്നു തോന്നിയിരുന്നു. കാസറ്റ് ഏല്‍പ്പിച്ച് തിരിഞ്ഞപ്പോള്‍ ഡ്രൈവര്‍ ചോദിക്കുകയാണ്.
“അങ്ങനെയങ്ങ് പോയാലോ”
കയ്യില്‍ ബാക്കിയുള്ള 12 രൂപ ഡ്രൈവര്‍ക്കു കൊടുത്തു. എന്റെ അപ്പോഴത്തെ മുഖം കണ്ടാര്‍ അഞ്ചുകാശ് ചോദിക്കാന്‍ ആര്‍ക്കും മനസ്സു വരില്ല.

എത്രയും പെട്ടെന്ന് കാസറ്റ് വയനാട് കടന്ന് സ്റ്റുഡിയോയിലെത്തണമെന്നായിരുന്നു അപ്പോഴത്തെ ചിന്ത. നഷ്ടപ്പെടില്ല എന്ന വിശ്വാസവുമുണ്ടായിരുന്നു. ഡ്രൈവര്‍ക്ക് കോഴിക്കോട് വരെ ബസ്സോടിച്ചേ പറ്റൂ. കോഴിക്കോട് സ്റ്റാന്റില്‍ ടോണി കാത്തു നില്‍ക്കുന്നുമുണ്ട്. വലിയൊരു ആശ്വാസത്തോടെ നില്‍ക്കുമ്പോഴാണ് സുഭാഷേട്ടന്‍ വാനുമായി അന്വേഷിച്ചെത്തിയത്.

അന്നു രാത്രി 10.30ന്റെ വാര്‍ത്താ ബുള്ളറ്റിനില്‍ മുത്തങ്ങയിലെ പോലീസ് ഭീകരതയുടെ ദൃശ്യങ്ങള്‍ ‘കൈരളി’ ലോകത്തെ കാണിച്ചു.
“പോലീസെന്നെ കൊല്ലുമെന്നാണ് ഞാന്‍ കരുതിയത്. ബോഡി പോസ്റ്റുമോര്‍ട്ടത്തിന് മെഡിക്കല്‍ കോളേജിലെത്തുമ്പോഴെങ്കിലും കാസറ്റ് പുറത്തെത്തണമെന്നായിരുന്നു എന്റെ ചിന്ത”.

പോലീസ് കഠിനമായി മര്‍ദ്ദിക്കുകയും ചവിട്ടുക്കൂട്ടുകയും ചെയ്തതിന്റെ വേദനയെക്കാളേറെ വനത്തില്‍ നിന്നുയര്‍ന്ന ആദിവസി സ്ത്രീകളുടെയും കുട്ടികളുടെയും നിലവിളിയാണ് ഇപ്പോഴും അസ്വസ്ഥപ്പെടുത്തുന്നതെന്നു ഷാജി പറയുന്നു.

നാട്ടുപച്ചയില് പ്രസിദ്ധീകരിച്ചത്.
ചിത്രങ്ങള് കടപ്പാട്‍: www.keralatourismwatch.org

Saturday, February 28, 2009

വയനാട് ചുരത്തില്‍ നിന്ന്

വയനാട് ചുരം ഇറങ്ങിയും കയറിയും ഒരുപാട് യാത്രകള്‍ ഉണ്ടായിട്ടുണ്ട്.
കുഞ്ഞുനാളില്‍ ചുരത്തിലൂടെ യാത്ര പൊകുന്നേരം പേടിയായിരുന്നു. ചുരം കഴിയും വരെ പ്രാര്‍ത്ഥനയായിരുന്നു..അന്നൊക്കെ ചുരം വഴിയും ഇടുങ്ങിയതായിരുന്നു. എന്നും ബ്ലോക്കുണ്ടാകും.
ഇപ്പോള്‍ നാഷണല്‍ ഹൈവേ ആയതില്‍ പിന്നെ വീതി കൂട്ടി. എന്നാലും ബ്ലോക്കിന് കുറവില്ല.
രാവിലെ ഏഴര മണിക്ക് കോഴിക്കോടെത്താന്‍ പുലറ്ച്ചേ 4.30 നു ബസ്സില്‍ കയറിയതാണ്.ചുരത്തിലെത്തിയപ്പോള്‍ ബ്ലോക്ക്. മാര്‍ബിള്‍ കയറ്റിയ ലോറി രാത്രി പാറയിലിടിച്ചു മറിഞ്ഞതാണു കാരണം..
യാത്രക്കാരുടെ ഷെഡ്യൂള്‍ മൊത്തം തെറ്റിക്കാണും..രാവിലെ 3.30 നു തടസ്സപ്പെട്ട വഴി 11.30 ആയപ്പോ‍ഴാണ് ശരിയായത്..
ആറാം വളവിലെ തടസ്സം മാറാന്‍ സമയമെടുക്കുമെന്നു മനസ്സിലാക്കി ഇറങ്ങി നടന്ന യാത്രക്കാരുടെ കൂടെ ഞാനും വെച്ചു പിടിച്ചു. അടിവാരത്തേക്ക്..രാവിലെ നടത്തം ചുരം റോഡിലൂടെ..കുരങ്ങന്മാരെ കണ്ട്..കാനന ഭംഗി കണ്ട്...‍



മെയില് ചെയ്ത ഫോട്ടോ മാത്രുഭൂമി, മനോരമ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. മനോരമ ബൈലൈനും തന്നു. ദേശാഭിമാനിയും മറ്റൊരു ചിത്രം കൊടുത്തു.


മുന്‍പ് രണ്ടു മൂന്നു തവണ ചുരം നടന്നിറങ്ങിയിട്ടുണ്ട്. ഒരിക്കല്‍ ഒരു മഴക്കാലത്ത് സുഹ്രുത്തുക്കളുടെ കൂടെ നനഞ്ഞു കൂക്കി വിളിച്ച്..
മറ്റൊരിക്കല്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സ്വാശ്രയപദയാത്രയില്‍ അംഗമായും ചുരം നടന്നിറങ്ങിയിട്ടുണ്ട്..അതും മഴയുള്ള ഒരു ജൂണ്‍ മാസമായിരുന്നു..

Tuesday, February 24, 2009

കാക്കിക്കുള്ളില്‍ വിശുദ്ധരില്ല



വിങ്ങിപ്പൊട്ടി നില്‍ക്കുന്ന അമ്മ
ജ്വലിച്ചു നില്‍ക്കുന്ന അച്ഛന്‍
കാര്‍മേഘവും സൂര്യവെളിച്ചവുമില്ലാതെ
മഴവില്ലില്ലെന്ന തിരിച്ചറിവ്‌...


സ്‌ത്രീ പുരുഷ സമത്വത്തെക്കുറിച്ചും സ്‌ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും ചിന്തിക്കാന്‍ ആദ്യ പ്രേരണയായി ഭവിച്ച അച്ഛന്റെ ഓര്‍മ്മകള്‍ക്കു മുമ്പിലാണ്‌ " നീ പെണ്ണാണ്‌" എന്ന കവിതാസമാഹാരം വിനയ സമര്‍പ്പിച്ചത്‌.

പീടികത്തിണ്ണയില്‍ സിഗരറ്റും കത്തിച്ച്‌
ചൂളാതിരുന്ന്‌ വലിക്കേണം
മുന്‍വാതിലില്‍ കൂടി കള്ള്‌ ഷാപ്പില്‍കേറി
അന്തിക്കള്ളല്‌പം നുണയേണം.....
.............................................................

വിനനയയുടെ 'എന്റെ സ്വപ്‌നം' എന്ന കവിതയിലെ വരികളാണിത്‌.

എന്നാല്‍ സഹപ്രവര്‍ത്തകന്റെ സെന്റോഫ്‌ പാര്‍ട്ടിക്ക്‌ സ്‌മാളടിച്ച്‌ പൂസായി ടൗണിലിറങ്ങിയപ്പോള്‍ വിനയ പടിക്കു പുറത്തായി. പോലീസ്‌ സേനക്ക്‌ ദുഷ്‌പേരുണ്ടാക്കിയെന്നാണ്‌ കാരണം.

എ എസ്‌‌ ഐ പ്രമോഷന്‍ ലഭിച്ച്‌ വയനാട്ടിലെ പുല്‍പ്പള്ളിയില്‍ നിന്നും കോഴിക്കോട്ടേക്ക്‌ സ്ഥലം മാറിപ്പോകുന്ന പോലീസ്‌ ഉദ്യോഗസ്ഥന്‌ ഒരു റിസോര്‍ട്ടില്‍വെച്ച്‌ നല്‍കിയ പാര്‍ട്ടിക്ക്‌ ജില്ലയിലെ വേണ്ടപ്പെട്ട പോലീസ്‌ ഏമാന്മാരെല്ലാം എത്തിയിരുന്നു. വിരുന്നിനെത്തിയ ചില പോലീസുകാര്‍ എ എസ്‌ ഐക്ക്‌ ഷേക്ക്‌ ഹാന്റും നല്‍കി പച്ചവെള്ളം കുടിക്കാതെ സ്ഥലം വിട്ടു. കാരണം വിരുന്നൊരുക്കിയത്‌ വയനാട്ടിലെ സ്‌പിരിറ്റ്‌ മദ്യലോബിയില്‍പ്പെട്ട ഒരാളെന്നാണ്‌ ആരോപിക്കപ്പെട്ടത്‌. ഇയാള്‍ രണ്ടുവര്‍ഷം മുമ്പ്‌ സ്റ്റേഷനിലെ എസ്‌ ഐ യെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയുമാണ്‌. ക്ഷണം സ്വീകരിച്ച്‌ സഹപ്രവര്‍ത്തകന്റെ വിരുന്നിനെത്തിയ വിനയയുടെ സല്‍ക്കാരത്തിനുശേഷമുള്ള മടക്കം പിറ്റേന്ന്‌ പത്രത്താളുകളില്‍ ചൂടുള്ള വാര്‍ത്തയാവുകയും ആഭ്യന്തരവകുപ്പിന്‌ 'അഭിമാനക്ഷത'മാവുകയും ചെയ്‌തു!

നോട്ടീസില്ലാതെ , വിശദീകരണമില്ലാതെ വിനയയെ നിര്‍ദ്ദാക്ഷണ്യം സസ്‌പെന്റുചെയ്‌തു. വിരുന്നില്‍ മദ്യപിച്ച വിനയ പുറത്തിറങ്ങി ടൗണില്‍ നല്ല പ്രകടനം കാഴ്‌ചവെച്ചുവെന്നും ബസ്സില്‍ കയറി വാളു വെച്ചുവെന്നും പോലീസ്‌ ജീപ്പിലെത്തിയ സഹപ്രവര്‍ത്തകരാണ്‌ നയത്തില്‍ വാഹനത്തില്‍ കയറ്റികൊണ്ടുപോയതെന്നും പത്രങ്ങളുടെ സ്വന്തം ലേഖകന്മാര്‍ എഴുതുന്നു. കുപ്രസിദ്ധയായ വിനയ എന്നാണ് ദീപിക എഴുതിയത്.......!!??

സ്‌പിരിറ്റ്‌ മദ്യമാഫിയയുടെ സല്‍ക്കാരത്തില്‍ പങ്കെടുത്ത പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ പിറ്റേന്ന്‌ സുല്‍ത്താന്‍ ബത്തേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലേക്ക്‌ മാര്‍ച്ചും അരങ്ങേറി.

പുല്‌പ്പള്ളിക്കാര്‍ അനീതികണ്ടാല്‍ പൊറുക്കില്ല. അഴിമതി വീരന്മാരെ പച്ചക്കു നിര്‍ത്തി കൈകാര്യം ചെയ്യും. ജനകീയ വിചാരണ നക്‌സലൈറ്റുകള്‍ പോലും കയ്യൊഴിഞ്ഞകാലത്താണ് പുല്‍്‌പ്പള്ളിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിചാരണ ചെയ്‌ത്‌ തോലുരിക്കുകയാണ്‌. അഴിമതിക്കാരനായ ഗ്രാമസേവകനെ മരത്തില്‍ കെട്ടിയിട്ട്‌ മര്‍ദ്ദിച്ചത്‌ ഒരുമാസം മുമ്പാണ്‌. 200 രൂപ കൈക്കൂലി വാങ്ങിയ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ ഓവര്‍സിയറെ ചെരുപ്പുമാലയണിയിച്ച്‌ ടൗണിലൂടെ നടത്തി ജനകീയ വിചാരണ ചെയ്‌തത്‌ കഴിഞ്ഞയാഴ്‌ചയാണ്‌.

അപ്പോള്‍ പോലീസ്‌, അതും ഒരു വനിത പോലീസ്‌ മദ്യവിച്ച്‌ ടൗണിലിറങ്ങി സീനുണ്ടാക്കിയാല്‍ പുല്‍പ്പള്ളിക്കാര്‍‍ക്ക്‌ കയ്യും കെട്ടിയിരിക്കാന്‍ കഴിയുമോ? മാര്‍ച്ചിന്റെ ഉശിരുകൊണ്ടാവാം പ്രമോഷന്‍ വിരുന്നിലെ ആതിഥേയനായ എ എസ്‌ ഐയെയും ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ സസ്‌പെന്റു ചെയ്‌തു.

വിരുന്നില്‍ പങ്കെടുത്തുവെന്നു സമ്മതിക്കുന്ന വിനയ ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്‌. എത്രയോ പോലീസുകാര്‍ വിരുന്നില്‍ പങ്കെടുത്തു മദ്യപിച്ചു. അവരുടെ പേരിലൊന്നും നടപടിയുണ്ടായില്ല! സ്‌ത്രീയായതുകൊണ്ടു മാത്രമാണ്‌ ഞാന്‍ ശിക്ഷിക്കപ്പെട്ടത്‌. സല്‍ക്കാരത്തില്‍ പങ്കെടുത്തത്‌ ഡ്യൂട്ടി സമയത്തല്ല. സ്വകാര്യ ജീവിതത്തിലെ പെരുമാറ്റങ്ങളെ അച്ചടക്ക ലംഘനമായി കണക്കാക്കുന്നത്‌ ഏതു മാനദണ്ഡം വെച്ചാണ്‌?

ഔദ്യോഗിക കൃത്യനിര്‍വഹണ സമയത്ത്‌ പാലിക്കേണ്ട അച്ചടക്ക മര്യാദകള്‍ ഡ്യൂട്ടിയുടെ ഭാരമില്ലാതെ സ്വതന്ത്രയായി നില്‍ക്കുമ്പോള്‍ അനുസരിക്കേണ്ടതുണ്ടോ എന്നത്‌ ചര്‍ച്ച ചെയ്യപ്പെടേണ്ടതു തന്നെയാണ്‌. നമ്മുടെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഡ്യൂട്ടിസമത്തു തന്നെ മദ്യപിച്ചെത്തുന്നവരില്ലേ? അഞ്ചുമണിക്കുളേഷം ഓഫീസുകള്‍ ബാറുകളാവുന്നത്‌ ചില സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ ബാത്ത്‌റൂമിലും പിന്നാമ്പുറത്തും സ്റ്റോര്‍ റൂമിലും കൂട്ടിയിട്ട മദ്യക്കുപ്പികള്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്‌.


വീടുകളില്‍ മദ്യസേവ ആഹാരത്തിന്റെ ഭാഗമാക്കുന്നതിനെക്കുറിച്ച്‌ സ: ഇ പി ജയരാജന്‍ അഭിപ്രായപ്പെട്ടതിനെതിരെ മാധ്യമം ദിനപ്പത്രം മുഖപ്രസംഗമെഴുതിയത്‌ ജനുവരി 31 നാണ്‌. പ്രതിദിനം 45 കോടിരൂപയുടെ ബിവറേജ്‌ മദ്യം നാട്ടുകാര്‍ മോന്തുന്നതുകൊണ്ടാണ്‌ കേരള സര്‍ക്കാര്‍ ജീവനക്കാര്‍ പട്ടിണിയാവാതെ കഴിഞ്ഞുപോകുന്നത്‌. മുക്കിനു മുക്കിനു അടച്ചുപൂട്ടുന്ന റേഷന്‍ഷാപ്പുകള്‍ ബിവറേജ്‌ ഷാപ്പുകളാവുന്ന കാലം വിദൂരമല്ല. അരിയും ഗോതമ്പും കിട്ടിയില്ലെങ്കിലും ദാഹം മാറ്റാന്‍ മിനറല്‍ വാട്ടറിനേക്കാളും കുറഞ്ഞ തുകക്ക്‌ ബിയര്‍ബോട്ടില്‍ കിട്ടുന്ന മദ്യസമത്വകേരളം പിറക്കാനുള്ള സാധ്യതയും സമീപഭാവിയിലുണ്ടാകും.

കേരളത്തിലെ പുഴകളിലൂടെ മദ്യമൊഴുകിയാലും അതുകോരി മോന്താനുള്ള സ്വാതന്ത്ര്യം പെണ്ണുങ്ങള്‍ക്കുണ്ടാവില്ല എന്നുറപ്പാണ്‌.
ആണുങ്ങളെപ്പോലെ മദ്യപിച്ചു പൂസാനുള്ള സ്വാതന്ത്ര്യം ലഭിക്കാന്‍ പെണ്ണുങ്ങള്‍ സമരം ചെയ്‌താല്‍ നാട്ടുകാര്‍ അടിച്ചോടിക്കുകയും ചെയ്യും. ആണുങ്ങള്‍ മദ്യപിച്ചു തലകുത്തിമറിഞ്ഞാല്‍ സമൂഹമത്‌ അവഗണിക്കും. എന്നാല്‍ ഒരു പെണ്ണ്‌ പിമ്പിരിയായി ഓവുചാലില്‍ കിടന്നാലോ? വലിച്ചുപൊക്കി അവളുടെ ദേഹത്തെ അഴുക്ക്‌ മുഴുവന്‍ നക്കി തുടക്കാന്‍ ആണുങ്ങള്‍ മത്സരിക്കും... കല്ലറയില്‍ അടക്കിയ പെണ്ണിന്റെ ശവത്തോടുപോലും ലൈംഗിക തൃപ്‌തിക്കായി ഉപയോഗിക്കുന്ന മനസ്സഴുകിയ നാടാണിത്‌.

എന്തിനുമേതിനും പെണ്ണിന്‌ അതിര്‌ നിശ്ചയിച്ച നാട്ടില്‍ അതു മറികടക്കാനുള്ള ചെറുതും ഒറ്റപ്പെട്ടതുമായ പോരാട്ടങ്ങള്‍ക്ക്‌ വളരെക്കുറച്ചേ മുമ്പോട്ടു പോകാനായിട്ടുള്ളു. ഉള്‍ക്കരുത്തുള്ള വിനയയെപ്പോലുള്ള ഒറ്റപ്പെട്ട ചില വ്യക്തികള്‍ മാത്രമാണ്‌ പരിമിതികളെ മറികടന്നിട്ടുള്ളത്‌. അഥവാ മറികടക്കാന്‍ ശ്രമിച്ചിട്ടുള്ളത്‌. ആ ശ്രമത്തിനിടയില്‍ അവരുടെ മനസ്സാഗ്രഹിക്കുന്ന സ്വാതന്ത്ര്യമോഹങ്ങള്‍ പുരുഷകേന്ദ്രീകൃത സമൂഹം ചവിട്ടിമെതിക്കുകതന്നെചെയ്യും.

വിനയ വേട്ടയാടപ്പെടാന്‍ വേറെയും കാരണമുണ്ട്‌. പുല്‍പ്പള്ളിയിലെ പ്രാദേശിക തിരഞ്ഞെടുപ്പ്‌ സമയത്ത്‌ പ്രായമായ അമ്മയുടെ വോട്ടുചെയ്യാന്‍ മകനെ അനുവദിക്കാത്തതിലുള്ള പകയുമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. തിരഞ്ഞെടുപ്പ്‌ റിസല്‍ട്ടിന്റയന്ന്‌‌ വിനയയെ തന്നെ ഡ്യൂട്ടിക്കിടാന്‍ ചിലര്‍ സമ്മര്‍ദ്ദം ചെലുത്തി. അന്ന്‌ ആഹ്ലാദ മുദ്രാവാക്യങ്ങള്‍ക്കൊപ്പം വിനയക്കെതിരെയുള്ള പ്രതിഷേധ വാക്കുകളുമുയര്‍ന്നു.

'തലയെത്ര കുനിക്കണം ഞാന്‍.....
തലകുനിക്കാതെ നില്‍ക്കാന്‍.'.(എന്റെ തത്വങ്ങള്‍-വിനയ)
.....................................................
'ആശ്രിതയായിട്ടു ജീവിക്കും നിമിഷത്തില്‍
യമദേവാ നിന്നെ വരിച്ചിടും ഞാന്‍...'(സ്വയംവരം-വിനയ)

സസ്‌പെന്‍ഷനും ഡിസ്‌മിസും വിനയക്ക്‌ പുത്തരിയല്ല.

തുല്യനീതിക്കുവേണ്ടി പോലീസ്‌ കായികമേളയില്‍ ട്രാക്കില്‍ കിടന്നു പ്രതിഷേധിച്ച്‌തിനാണ്‌ വിനയയെ 2003 ജൂണില്‍ പോലീസ്‌ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടത്‌. എന്നാല്‍ ഹൈക്കോടതി വിധിയെ തുടര്‍ന്ന്‌ 2004 ജൂണില്‍ സര്‍വ്വീസില്‍ തിരിച്ചെടുക്കുകയും ചെയ്‌തു. നാളിതുവരെയുള്ള നേട്ടങ്ങളെല്ലാം പിതാവിന്റെ പേരില്‍ രജിസ്റ്റര്‍ചെയ്‌ത്‌ "പൈതൃക"മാക്കിയെടുക്കുന്ന ഭാഷാരീതിക്കും ചതിയുടെ ചുവയാണുള്ളതെന്നു തിരിച്ചറിഞ്ഞ വിനയ സ്‌കൂള്‍ അഡ്‌മിഷന്‍ അപേക്ഷാഫോറത്തില്‍ പിതാവിന്റെ പേരിനൊപ്പം മാതാവിന്റെ പേരിനുകൂടി സ്ഥാനം ലഭിക്കാന്‍ റിട്ട്‌ ഫയല്‍ ചെയ്യുകയും അനുകൂല വിധി നേടുകയും ചെയ്‌തു. ശ്രദ്ധിക്കപ്പെട്ട നിയമപോരാട്ടങ്ങളുടെ ലിസ്‌റ്റില്‍ "ഇന്ത്യാ ടുഡേ" ഈ കേസിനെ ഉള്‍പ്പെടുത്തുകയുണ്ടായി.

അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ആണിനും പെണ്ണിനും ഓരേ സ്ഥാനമാണുള്ളതെങ്കിലും അവള്‍ കരയുമ്പോഴും ചിരിക്കുമ്പോഴും നടക്കുമ്പോഴും ഇരിക്കുമ്പോഴും മരത്തില്‍ കയറുമ്പോഴും അയലത്തെ ചെക്കന്മാരുടെകൂടെ കളിക്കുമ്പോഴും "നീ പെണ്ണാണ്‌. പെണ്ണാണ്‌" എന്നോര്‍മിപ്പിക്കുന്നതിനോട്‌ വിനയക്ക്‌ കലിയാണ്‌

പെണ്ണുങ്ങള്‍ വീടിന്റെ ഉമ്മറത്തേക്കെങ്ങാനും എത്തിനോക്കിപ്പോയാല്‍ പോ അപ്പുരത്തേക്ക്‌ എന്നലറുന്നവരെ
" ആണുങ്ങളോടൊന്നും മിണ്ടുവാന്‍ പാടില്ല
പെറ്റുവളര്‍ത്തിയ മോന്‍ തന്നെ വന്നാലും
ഊരയനക്കി ബഹുമാനിച്ചീടണം"
എന്നു വിനയ പരിഹസിക്കുന്നു.

രാവിലെ ബെഡ്‌കോഫി കിട്ടുന്നതിനുള്ള ആഗ്രഹം പെണ്ണുങ്ങള്‍ക്കുമുണ്ടെന്നും,
ആരുകത്തിച്ചാലും അടുപ്പുകത്തുമെന്നും
പാത്രം കഴുകാനുള്ള ത്രാണി
ഭക്ഷിച്ചവര്‍ക്കുണ്ടാകണമെന്നും, വിനയ ഓര്‍മ്മപ്പെടുത്തിയത്‌ ചില്ലറ അലോസരങ്ങളൊന്നുമല്ല ഉണ്ടാക്കിയത്‌.

നീണ്ട തലമുടിയഴക്‌ സ്‌ത്രീ സൗന്ദര്യമായാണ്‌ കവിയും കാമുകന്മാരും വര്‍ണ്ണിച്ചിട്ടുള്ളത്.
എന്നാല്‍ മുടിക്കുത്തിനു പിടിച്ച്‌ കലിതുള്ളുന്ന ഭര്‍ത്താക്കന്മാരുടെ പീഡന കഥകള്‍ പല സ്‌ത്രീകള്‍ക്കും പറയാനുണ്ടാകുമെന്ന്‌ വിനയ സാക്ഷ്യപ്പെടുത്തുന്നു.

"മുടിചീകിയൊതുക്കാന്‍ എത്രനേരം കളയണം....
ബാത്ത്‌റൂമും വാഷ്‌ബേസിനും ബ്ലോക്കായാല്‍
പെണ്ണിന്റെ മുടിയെയാണ്‌ പഴിക്കുക...."

നട്ടെല്ലുള്ള പെണ്ണായി അംഗീകരിക്കപ്പെട്ട വിനയ സ്‌ത്രീകളുടെ വസ്‌ത്രധാരണ രീതികളെക്കുറിച്ച്‌ ഉയര്‍ത്തിക്കൊണ്ടുവന്ന വിഷയങ്ങള്‍ സമൂഹത്തില്‍ കൂടുതല്‍ ചര്‍ച്ചക്ക്‌ ഇടവരുത്തിയിരുന്നു.

വിനയയുടെ ഇടപെടലുകള്‍ക്ക്‌ പൊതുസമൂഹത്തില്‍ നിന്നും ലഭിച്ചുവന്ന പിന്തുണ മുമ്പത്തെപ്പോലെ ഇത്തവണ ലഭിച്ചുവോ എന്നത്‌ സംശയമാണ്.

ഗീത ടീച്ചര്‍ വിനയയെ വിളിച്ചു പറഞ്ഞത്‌
`മോളെ നീ തലവെച്ചുകൊടുത്തല്ലോ` എന്നാണ്‌.

ഒന്നാമത്‌ പോലീസെന്നു കേട്ടാലേ ജനങ്ങള്‍ക്ക്‌ കലിപ്പാണ്‌. കാക്കിക്കുള്ളില്‍ സഹൃദയരും, വിശുദ്ധരും, യേശുവും നബിയും, വി. എസ്സും, സാക്ഷാല്‍ വിനയ തന്നെ ജീവനോടെ നിന്നാലും അവസരമൊത്താല്‍ ജനം കല്ലെറിയും കൂക്കു വിളിക്കും.

ആണുങ്ങള്‍ വിഹരിക്കുന്ന ബാറില്‍ പകലും രാത്രിയും കയറി മദ്യപിക്കുക. ബസ്സിലും ട്രയിനിലും ആണുങ്ങളെ മുട്ടിയിരുന്ന്‌ യാത്രചെയ്യുക. ട്രെയിനില്‍ തൊട്ടടുത്ത ബര്‍ത്തില്‍ കിടക്കുന്ന പുരുഷ കേസരിയെനോക്കി സൈറ്റടിക്കുക. " റേഞ്ചാ" യി അയാളുടെ കൈ നീണ്ടുവരുമ്പോള്‍ കരണക്കുറ്റിക്കിട്ട്‌ പൊട്ടിക്കുക

ലോല ഹൃദയമുള്ള ACTIVA, SCOOTY എന്നിവ അവഗണിച്ച്‌ പയ്യന്‍സ്‌ ചെത്തി പറക്കുന്ന " ഹീറോ ഹോണ്ട" യെ വരിച്ചത്‌. ഇതൊക്കെയാണ്‌ വിനയയുടെ രീതി. ജീവിതത്തിലെ വിനയയുടെ സ്‌റ്റൈല്‍ കണ്ട്‌ പലരും നെറ്റി ചുളിക്കുകയാണ്‌ ചെയ്‌തത്‌. റോളുകള്‍ സിനിമയില്‍ വിജയശാന്തി അഭിനയിച്ചിരുന്നെങ്കില്‍ -തീയേറ്റുകള്‍ ഉത്സവപ്പറമ്പാകുമായിരുന്നു.

" തന്റെ ഉടുപ്പും നടപ്പും വീടും തൊഴിലും കളിയും കാര്യവും സ്‌ത്രീ വീക്ഷണത്തില്‍ ഉടച്ചുവാര്‍ത്ത വിനയക്ക്‌ സ്‌ത്രീവാദം ഒരു സെമിനാര്‍ വിഷയമോ, യൂണിവേഴ്‌സിറ്റി തസ്‌തികക്കുള്ള കുറുക്കു വഴിയോ അല്ല; ജീവിതമാണ്‌. പച്ചയായ ജീവിതം.അതിന്റെ വക്കില്‍ കണ്ണീരും ചോരയും പൊടിയുന്നുണ്ട്‌. വിനയ അത്‌ ഭാവിക്കുന്നില്ലെന്നു മാത്രം"-സാറാജോസഫ്‌ പറയുന്നു

"നാട്ടുകാര്യങ്ങള്‍ പറയുവാനായ്‌ മാത്രം
നമ്മള്‍ക്കും നാട്ടിലിറങ്ങി നോക്കാം
രാവും പകലും പിടിച്ചടക്കാം
......................................................
നമ്മള്‍ക്കും ജീവിതമാസ്വദിക്കാം
സങ്കടങ്ങള്‍ ഇനി പങ്കുവെക്കാം..."

"നാട്ടുകാരാകാം " എന്ന കവിതയിലെ വരികളാണിത്‌.
പക്ഷേ, ആണുങ്ങള്‍ കുത്തകയാക്കിയ മൈതാനങ്ങളില്‍ പെണ്ണുങ്ങള്‍ മേയാനെത്തുന്നതിനുമുമ്പ്‌ ഒരല്‌പം ഔചിത്യബോധം വിനയ കാണിച്ചിരുന്നുവെങ്കില്‍ മോളെ നീ തലവെച്ചുകൊടുത്തല്ലോ എന്ന്‌‌ ഗീത ടീച്ചര്‍ക്ക്‌ പറയേണ്ടി വരില്ലായിരുന്നു.

" നല്ല പെണ്ണാ" യിട്ടു ജീവിച്ചു ജീവിച്ചു
വല്ലാതെയയ്യോ മടുത്തു പോയി ഞാന്‍
നല്ലതെന്നു പറയേണമെന്നിനി
തെല്ലുമില്ലേ മനസ്സില്‍ എനിക്ക്‌‌"
(എന്റെ സ്വപ്‌നം-വിനയ)


www.nattupacha.com published on 2009 feb 1
വിനയയുടെ ബ്ലോഗ്